തിരൂരങ്ങാടി ബാപ്പു ഉസ്താദും ഷബീറലി ഹസ്രത്തും
ഉപ്പയുടെ കൂട്ടുകാരൻ
ഉപ്പയെക്കുറിച്ച് ഷബീറലി ഹസ്രത്ത് പറഞ്ഞ രസകരമായ ഒരു ഓർമ്മയുണ്ട്.
ബാഖിയാത്തിൽ പഠിക്കുമ്പോൾ സേലത്ത് കച്ചവടം ചെയ്യുന്ന തിരൂരങ്ങാടി ഓ പി ഹാജിയുടെ അടുത്ത് ഒരിക്കൽ അവർ രണ്ടാളും പോവുകയുണ്ടായി. മാർക്കറ്റിൽ വലിയ നെല്ലിക്ക കണ്ടപ്പോൾ ഉപ്പ പറഞ്ഞു, " ഇതിനു നെല്ലിപ്പ എന്ന് പറയണം" എന്ന് .
ആ കാലവും ഓർമ്മകളും ഹസ്രത്തിന്റെ മനസ്സിൽ തെളിഞ്ഞു വരുമ്പോൾ മുഖത്ത് വിരിയാറുണ്ടായിരുന്ന പുഞ്ചിരി ഇന്നും ഓർമ്മയിലുണ്ട്.
താനൂരിൽ നടന്ന എന്റെ ഇത്താത്തയുടെ വിവാഹത്തിന് തലേദിവസം എത്തുകയും രണ്ടു ദിവസം കഴിഞ്ഞു തിരിച്ചു പോവുകയും ചെയ്തു ചെയ്തു ഷബീർ അലി ഹസ്രത്. ഉപ്പയോടൊപ്പം ബാഖിവി യാവി മാസങ്ങൾക്ക് ശേഷം തിരൂരങ്ങാടിയിൽ വന്നു പറഞ്ഞു കച്ചവടം തുടങ്ങാൻ ഉദ്ദേശമുണ്ട്. ഉടനെ ഉപ്പ പറഞ്ഞു" നമ്മൾ ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാരോട് പോയി വിവരം പറയാം" എന്ന് .
അവർ രണ്ടു പേരും കൂടി ബാപ്പു മുസ്ലിയാരുടെ അടുത്ത് ചെന്നപ്പോൾ കണ്ടപാടെ ബാപ്പുമുസ്‌ലിയാർ കൂടെയുള്ളവരോട് പറഞ്ഞു, 'ബാപ്പു വരുന്നുണ്ടേ.. വെറ്റിലയടക്ക കൊണ്ടുവരൂ". ശേഷം കുശലാന്വേഷണം നടത്തി ബാപ്പു മുസ്ലിയാർ പറഞ്ഞു,"കച്ചവടം ഒന്നും ചെയ്യേണ്ട. ഇൽമുമായി മരണംവരെ കഴിയൂ" എന്ന്.
അന്ന് ഉപ്പയുടെ കൂടെ ചാപ്പനങ്ങാടിയിൽ പോയിട്ടില്ലായിരുന്നുവെങ്കിൽ ഷബീറലി ഹസ്റത്ത് എന്ന പേര് എനിക്ക് ഉണ്ടാകുമായിരുന്നില്ല എന്നും ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു..
ഉപ്പ മരിച്ച് രണ്ടാം ദിവസം വെല്ലൂരിൽ നിന്നും ഷബീറലി ഹസ്റത്ത് വീട്ടിലെത്തിയത് ഓർമ്മയുണ്ട്. ഉപ്പ ദാറുൽ മഹാരിഫിൽ ചാർജെടുത്ത ആദ്യവർഷം ഉപ്പയുടെ കൂടെ ബാഖിയാത്തിൽ പോകാൻ എനിക്ക് അവസരമുണ്ടായി. അതിന്റെ ബാനി മർഹും ഓടക്കൽ ബാപ്പു മുസ്ലിയാർ, ഇപ്പോഴത്തെ പ്രിൻസിപ്പൽ ബാപ്പുട്ടി ബാഖവി, ഉസ്താദ് അബ്ദുറഹീം മുസ്ലിയാർ കിടങ്ങയിയും കൂടെ ഉണ്ടായിരുന്നു. കാട്പാടി റെയിൽവേ സ്റ്റേഷനിൽ ഉപ്പയുടെ ശിഷ്യന്മാരായ ബഷീർബാഖവി കക്കിടിപ്പുറം, റഷീദ് ബാഖവി ഗൂഡല്ലൂർ, അബ്ദുൽ ഖാദർ ബാഖവി ഊരകം തുടങ്ങിയവർ സ്വീകരിക്കാൻ ഉണ്ടായിരുന്നു. ഉപ്പ അവരോട് പറഞ്ഞു," നമുക്ക് നേരെ ഷബീർ അലിയുടെ വീട്ടിലേക്ക് പോകാം."
അങ്ങനെ ഞങ്ങൾ ഹസ്രത്തിന്റെ വീട്ടിൽ ചെന്നു. മകൻ സദ്ദാം വരികയും പലഹാരങ്ങൾ തന്ന് ഞങ്ങള സത്ക്കരിച്ചതും മറന്നിട്ടില്ല. ഞങ്ങളുടെ കൂടെ ഹസ്രത്ത് ബാഖിയാത്തിലേക്ക് വരികയും കൂട്ടത്തിൽ പ്രായം കുറഞ്ഞ എനിക്ക് ബാഖിയാത്തിലെ വിവിധ ഇടങ്ങൾ കാണിച്ചുതരികയും വാത്സല്യത്തോടെ പെരുമാറുകയും ചെയ്തു. തിരിച്ചുവരുമ്പോൾ ഒരുപാട് സാധനങ്ങൾ വാങ്ങി എന്റെ കയ്യിൽ തന്നു . അന്നേരം ഹസ്രത്ത് പറഞ്ഞു," ഇവിടെ പ്രായംചെന്ന ഉസ്താദ് ഉണ്ട്. അവിടെ മകന്റെ കൂടെ നിന്ന് ഹിഫ്ള് പഠിക്കാം" എന്ന് .
പിന്നീട് രണ്ടാമത് ബാഖിയാത്തിലേക്ക് പോയത് മൂന്നിയൂർ ഹംസ മുസ്ലിയാർ, അബ്ദുസ്സത്താർ മുസ്ലിയാർ തുടങ്ങിയവരോട് കൂടെയായിരുന്നു. ഉപ്പയുടെ ആണ്ടിന് ഹസ്രത്തനെ ക്ഷണിക്കാൻ ആയിരുന്നു അത്. വീട്ടിൽ ചെന്ന് ഹസ്രത്തന്റെ കൂടെ ഭക്ഷണം കഴിച്ചു. ഹസ്രത്ത് ഞങ്ങളെയും കൂട്ടി അദ്ദേഹം നിർമ്മിക്കുന്ന പള്ളി കാണിച്ചു തന്നു. അങ്ങനെ ആണ്ടിന് വരുകയും ചെയ്തു. ഉപ്പയും അദ്ദേഹവും ആറുവയസ്സിനു വ്യത്യാസമുണ്ടെന്ന് മഹാനവർകൾ പറഞ്ഞിരുന്നു. ഈ വാക്കിന്റെ അർത്ഥം ഇപ്പോഴാണ് മനസ്സിലായത്. ഉപ്പ മരിച്ച ആറു വർഷത്തിനു ശേഷമാണ് മഹാനവർകൾ വഫാത്തായത്. ഉപ്പയും ഹസ്രത്തും വഫാത്തായത് എൺപത്തിനാലാം വയസ്സിലാണ്. ഹസ്റത്തിനെ അവസാനമായി കണ്ടത് ഉപ്പാക്ക് ഏറ്റവും ഇഷ്ടപ്പെട്ട ശിഷ്യൻ അബ്ദുൽ വാസിഅ് ബാഖവി കുറ്റിപ്പുറത്തിന്റെ മകൻ മുഫള്ളലിന്റെ വിവാഹത്തിനാണ്. അന്ന് ഒരുപാട് സംസാരിക്കാൻ ഭാഗ്യം ലഭിച്ചു. അളിയന്റെ അസുഖ വിവരം പറഞ്ഞപ്പോൾ അളിയനുമായി ഫോണിൽ സംസാരിക്കുകയും സമാശ്വസിപ്പിക്കുകയും അളിയന് വേണ്ടി കുറെ ദുആ ചെയ്യുകയും ചെയ്തു അദ്ദേഹം. ഹസ്രത്ത് മക്കളായ അതീഖ്, അബൂബക്കർ ഷിബിലി, ഉമറലി, ജുനൈദ്, സദ്ദാം, അഞ്ച് മക്കളും ഹാഫിളീങ്ങൾ ആണ്. മരിച്ച വിവരം അറിഞ്ഞ ജുനൈദിന് വിളിച്ചപ്പോൾ പറഞ്ഞ വാക്ക് ളുഹർ ബാങ്ക് കൊടുത്തപ്പോൾ ബാങ്കിന് ജവാബ് ചൊല്ലി അവസാന ലാ ഇലാഹ ഇല്ലല്ലാ എന്ന് ഉറക്കെ ചൊല്ലിയാണ് ഉപ്പ വഫാത്തായത് എന്നായിരുന്നു. കേട്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി. കുറച്ചുദിവസം മുമ്പ് നിങ്ങളുടെ ഉപ്പയെ പറ്റി ഒരുപാട് പറഞ്ഞു എന്ന് പറഞ്ഞ് ജുനൈദ് പൊട്ടിക്കരഞ്ഞു. എന്തു മറുവാക്ക് പറയണമെന്നറിയാതെ ഞാൻ ഓർമ്മകളിൽ സ്വയം നഷ്ടപ്പെട്ടവനായി അന്നേരം..
ഉപ്പയുടെ ഓർമ്മകളിലേയ്ക്കുള്ള ഒരു വിളക്കാണ് അണഞ്ഞുപോയത്. മരണമെന്ന സത്യത്തെ അംഗീകരിക്കാതെ വയ്യ!
അള്ളാഹു അവരുടെ ദറജ ഉയർത്തുകയും നമ്മെയും അവരെയും സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടുകയും ചെയ്യട്ടെ ആമീൻ
മുസ്തഫ തിരൂരങ്ങാടി✍
Comments
Post a Comment